December 07, 2016

വിവിധ തരം അച്ചാറുകള്‍ ഉണ്ടാക്കുന്ന വിധം

ഈന്തപ്പഴം അച്ചാര്‍

dates pickles recipe

ഈന്തപ്പഴം - 300 ഗ്രാം കുരു കളഞ്ഞത്
പച്ച മുളക് -5 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി പൊടിയായി അരിഞ്ഞത്
ഇളനീര്‍ വെള്ളം- 1/2 കപ്പ്
കായം സ്വല്പം പൊടി മുളകുപൊടി -ആവശ്യത്തിനു
അച്ചാര്‍ പൊടി - 2 ടീ സ്പൂണ്‍
നല്ലെണ്ണ - 3 ടാബില്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിനു

ഈന്തപ്പഴം ഇളനീര്‍ ഒഴിച്ചു 6 മണിക്കൂര് വെക്കുക അതിനു ശേഷം ആ വെള്ളത്തില്‍ തന്നെ കൈകൊണ്ടു അമര്‍ത്തി നന്നായി യോജിപിക്കുക യോജിപിച്ചു കഴിഞ്ഞാല്‍ ഈന്തപ്പഴം ഇളനീരും വെവേറെ നില്കരുത് . എണ്ണയില്‍ പച്ച മുളക് ഇഞ്ചി എന്നിവ വയറ്റുക നല്ല പോലെ മൊരിഞ്ഞു പാകം ആയാല്‍് മുളകുപൊടി അച്ചാര്‍ പൊടി എന്നിവ ഇടുക നന്നായി ഒന്ന് വയട്ടിയത്തിനു ശേഷം ഈന്തപ്പഴം ഇളനീര്‍ കായവും ഉപ്പും യോചിപിച്ചു വെച്ചതിലേക്ക് ഇട്ട് നന്നായി യോജി പ്പിക്കുക.

പച്ചമുളക് അച്ചാര്‍

green chilly pickles recipe

പച്ചമുളക് - അരിഞ്ഞത് 1കിലോ
ഉപ്പ് - പാകത്തിന്
കടുകെണ്ണ - അര കിലോ
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
ഇഞ്ചി - 200 ഗ്രാം നന്നായി അരിഞ്ഞത്
വെളുത്തുള്ളി - 250 ഗ്രാം
ജീരകം - 200 ഗ്രാം
പഞ്ചസാര - 1 കപ്പ്
വാളന്‍പുളി - 200 ഗ്രാം
വെള്ള വിനാഗിരി - 3 കപ്പ്

പച്ചമുളക് അല്പം ഉപ്പിട്ട വെള്ളത്തില്‍ മുക്കി വെക്കുക. വാളന്‍പുളി വിനാഗിരിയില്‍ കുതിര്‍ത്ത് മൂന്ന് മണിക്കൂറിന് ശേഷം നീര് പിഴിഞ്ഞെടുക്കുക. ഒരു വലിയ പാത്രമെടുത്ത് അടുപ്പത്ത് വെച്ച് അതിലേക്ക് കടുകെണ്ണ ഒഴിച്ച് മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഇടുക. അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി ഇളക്കുക. അല്പസമയം കഴിയുമ്പോള്‍ അതിലേക്ക് ജീരകവും കടുക് പൊടിച്ചതും ചേര്‍ക്കുക. എന്നിട്ട് വീണ്ടും നന്നായി ഇളക്കുക. വിനാഗിരിയില്‍ ലയിപ്പിച്ച പുളിവെള്ളം അതിലേക്ക് ചേര്‍ക്കുക വീണ്ടും നന്നായി ഇളക്കുക. പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. എന്നിട്ട് അല്പം ചൂടായി കഴിയുമ്പോള്‍ അതിലേക്ക് പച്ചമുളക് ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. കുറച്ചുസമയം നന്നായി ഇളക്കണം. എണ്ണ തെളിയുന്നതുവരെ വേവിക്കണം. അധികം ആകരുത് . ശേഷം ഉപയോഗിക്കാവുന്നതാണ്. തണുത്തതിനുശേഷം മാത്രം അല്പംപോലും വെള്ളമില്ലാത്ത പാത്രത്തില്‍ പകര്‍ത്തി സൂക്ഷിക്കാവുന്നതാണ്.

നെല്ലിക്ക അച്ചാര്‍

lemonpickles recipe

നെല്ലിക്ക - അല്ലി 1 കപ്പ്
മുളക് പൊടി - 3 ടേബിള്‍ സ്പൂണ്‍
കുരുമുളക് ചതച്ചത് - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
ഉലുവ പൊടി വറുത്തത് - അര ടീസ്പൂണ്‍
കായപ്പൊടി - കാല്‍ ടീസ്പൂണ്‍
എണ്ണ - 100 മില്ലി
വിനാഗിരി - കാല്‍ കപ്പ്
ഉപ്പ് - പാകത്തിന്

കടുംപച്ച നിറം വിട്ട നന്നായി വിളഞ്ഞ നെല്ലിക്ക ആണ് ഇതിനായി ഉപയോഗിക്കേണ്ടത് . ഇത് ഉപ്പ് ഇട്ട് പുഴുങ്ങി അല്ലികളാക്കി കുരു കളയണം. എണ്ണ ചൂടാക്കി വെളുത്തുള്ളി ചതച്ചതും ഇട്ട് വഴറ്റി നല്ല ചൂടായാല്‍ മുളകുപൊടിയും ചേര്‍ത്ത് വഴറ്റുക ഇതില്‍ അല്ലിയാക്കി വച്ചിരിക്കുന്ന നെല്ലിക്ക ചേര്‍ത്തിളക്കുക. സാവധാനത്തില്‍ വറുത്ത ഉലുവ പൊടിയും കായപ്പൊടിയും ചേര്‍ത്തിളക്കി ഇറക്കി വയ്ക്കുക. പാകത്തിന് ഉപ്പ് ചേര്‍ത്ത കുരുമുളക് ചതച്ചത് വിതറി ഇളക്കി വിനാഗിരി ചേര്‍ത്ത കുറച്ച സമയം അടച്ചുവെക്കുക.

പാവയ്ക്ക അച്ചാര്‍

bitter gourd pickles recipe

പാവയ്ക്ക - കാല്‍ കിലോ
കായപ്പൊടി - അര ടീസ്പൂണ്‍
മുളകുപ്പൊടി - 1 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
വെളുത്തുള്ളി - 10 അല്ലി
കടുക് - 1 ടീസ്പൂണ്‍
വിനാഗിരി - 1 ടീസ്പൂണ്‍
നല്ലെണ്ണ - അര കപ്പ്
ഇഞ്ചി - ചെറിയ കഷണം
പച്ചമുളക് - 10 എണ്ണം

പാവയ്ക്ക വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആയി അരിയുക.ഉപ്പും ചേര്‍ത്തു വെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളിയും മൂപ്പിച്ചെടുക്കുക.ബാക്കിയുള്ള എണ്ണയില്‍ കടുകിട്ട് പൊട്ടുമ്പോള്‍ വട്ടത്തില്‍ അരിഞ്ഞ പച്ചമുളകിട്ടു വഴറ്റുക.മുളകുപൊടിയും ഇട്ട് മൂപ്പിച്ച് വാങ്ങി വെച്ച് പാവയ്ക്കാ കഷണങ്ങളും ഇട്ട് വിനാഗിരിയും ഒഴിക്കുക.കായപ്പൊടിയും ചേര്‍ക്കുക.അര കപ്പ് വെള്ളം അടുപ്പില്‍ വെച്ച് തിളയ്ക്കുമ്പോള്‍ പാവയ്ക്കാക്കൂട്ടും വഴറ്റി വെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് പാകമാകുമ്പോള്‍ വാങ്ങി വെച്ച് തണുത്തതിനുശേഷം കുപ്പിയിലാക്കുക.

മിക്‌സഡ് സ്വീറ്റ് അച്ചാര്‍

mixed sweet pickles recipe

പച്ചപപ്പായ നീളത്തില്‍ അരിഞ്ഞത് - ഒരു കപ്പ്
കാരറ്റ് നീളത്തില്‍ അരിഞ്ഞത് - ഒരു കപ്പ്
ഈന്തപ്പഴം ചെറുതായരിഞ്ഞത് - അരക്കപ്പ്
വിനാഗിരി - മൂന്ന് കപ്പ്
പച്ചമുളക് ചെറുതായരിഞ്ഞത് - എട്ട് എണ്ണം
ഉപ്പ് - ആവശ്യത്തിന്
കടുക് - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചതച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
അച്ചാര്‍പൊടി - ഒരു കപ്പ്
എണ്ണ - അരക്കപ്പ്
പഞ്ചസാര - രണ്ട് ടേബിള്‍ സ്പൂണ്‍
കറിവേപ്പില - കുറച്ച്

ഒരു കുപ്പിയില്‍ പച്ചപപ്പായ, കാരറ്റ് എന്നിവ ചുരണ്ടിയതും ഈന്തപ്പഴം കഷ്ണങ്ങളാക്കിയതും വിനാഗിരിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് ഒരു ദിവസം കുതിരാന്‍ വയ്ക്കുക. ഒരു പാത്രം അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. ഇതിലേക്ക് കടുക് ചേര്‍ത്ത് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും കറിവേപ്പിലയും ചേര്‍ത്ത് മൊരിയിക്കുക. അച്ചാര്‍ പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. വിനാഗിരിയില്‍ കുതിര്‍ത്തുവച്ച പച്ചക്കറികള്‍ ചേര്‍ത്ത് ഇളക്കുക. പഞ്ചസാര ചേര്‍ത്ത് യോജിപ്പിച്ച് വാങ്ങവയ്ക്കുക.

ചെമ്മീന്‍ അച്ചാര്‍

prawns pickles recipe

വലിയ കൊഞ്ച് - 500 ഗ്രാം
മുളകുപൊടി, കുരുമുളകുപൊടി -രണ്ടു ടീസ്പൂണ്‍ വീതം
മഞ്ഞള്‍പൊടി - ഒരു ടീസ്പൂണ്‍
കായപ്പൊടി, ഉലുവ, കടുക് - അര ടീസ്പൂണ്‍ വീതം
വറ്റല്‍മുളക് - നാലെണ്ണം
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - 15 അല്ലി
കറിവേപ്പില - രണ്ടു തണ്ട്
നല്ലെണ്ണ, ഉപ്പ് - ആവശ്യത്തിന്
വിനാഗിരി - 100 മില്ലി

വൃത്തിയാക്കിയ കൊഞ്ച് മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളക്‌പൊടി എന്നിവയും ഉപ്പും ചേര്‍ത്തു തിരുമ്മി ഒരു മണിക്കൂര്‍ വെക്കുക. നല്ലെണ്ണ ചൂടാക്കി ഉലുവയും കടുകും മൂപ്പിച്ച് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, വറ്റല്‍ മുളക് മുറിച്ചതും ചേര്‍ത്തു വഴറ്റുക. വെന്തശേഷം കായപ്പൊടിയും വിനാഗിരിയും ചേര്‍ത്തിളക്കി ഇറക്കിവെക്കുക. ചൂടാറിയശേഷം കുപ്പിയിലാക്കുക.

വെളുത്തുള്ളി അച്ചാര്‍

garlic pickles recipe

വെളുത്തുള്ളി തൊലി കളഞ്ഞത് : 500 എണ്ണം
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് : ഒന്നര ഇഞ്ച് കഷണം
പച്ചമുളക് അരിഞ്ഞത് : നാലെണ്ണം
ഓയില്‍ : നാല് ടേബിള്‍ സ്പൂണ്‍
വിനീഗര്‍ : ഒരു കപ്പ്
തിളപ്പിച്ചാറിയ വെള്ളം : അര കപ്പ്
മുളകുപൊടി : നാല് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി : കാല്‍ ടീസ്പൂണ്‍
ഉപ്പുപൊടി : രണ്ടു ടേബിള്‍ സ്പൂണ്‍ (ആവശ്യാനുസരണം )
പഞ്ചസാര :ഒരു ടീസ്പൂണ്‍

ഫ്രയിംഗ് പാനില്‍ ഒന്നര ടേബിള്‍ സ്പൂണ്‍ ഓയില്‍ ചൂടാവുമ്പോള്‍ ആദ്യം അരിഞ്ഞുവെച്ച ഇഞ്ചിയും അല്‍പ്പ സമയം കഴിഞ്ഞു വെളുത്തുള്ളിയും ,പച്ചമുളകും ചേര്‍ത്തു രണ്ടു മിനുട്ട് വഴറ്റി മാറ്റിവെക്കുക .ഇനി ഈ പാനില്‍ ബാക്കി ഓയില്‍ ചൂടാക്കി മുളകുപൊടി ,മഞ്ഞള്‍പ്പൊടി ,ഉപ്പു ഇവചേര്‍ത്തുചെറു തീയ്യില്‍ അല്‍പ്പസമയം വഴറ്റി അളവ് വെള്ളവും ,വിനീഗറും കൂടിചേര്‍ത്ത് ഈ അടുപ്പത്തുള്ള മുളക് മിശ്രണം തിളച്ചാല്‍ ഇറക്കിവെച്ചു , വഴറ്റി മാറ്റിവെച്ച വെളുത്തുള്ളിക്കൂട്ട് ചേര്‍ത്ത് നല്ലത് പോലെ ഇളക്കി ചേര്‍ക്കുക ..ഇനി ഒരു ടീസ്പൂണ്‍ പഞ്ചസാരക്കൂടി ചേര്‍ത്താല്‍അച്ചാര്‍റെഡി.

മീന്‍ അച്ചാര്‍

fish pickle recipe

ചൂരമീന്‍ (കഷണങ്ങളാക്കിയത്) - ഒരു കിലോ
പച്ചമുളക്, മുളകുപൊടി - 50 ഗ്രാം വീതം
വെളുത്തുള്ളി - 100 ഗ്രാം
ഇഞ്ചി - 150 ഗ്രാം
എള്ളെണ്ണ - 200 ഗ്രാം
വിനാഗിരി - 400 മില്ലി
ഉപ്പ്, കടുക്, കുരുമുളക് - ആവശ്യത്തിന്
ഏലയ്ക്ക, ഗ്രാമ്പു, കറുവപ്പട്ട - ആവശ്യത്തിന്

കഷണങ്ങളാക്കിയ മീന്‍ വറുത്തെടുക്കുക. ആ എണ്ണയില്‍ കുറച്ച് എടുത്ത് വെളുത്തുള്ളി, ഇഞ്ചി, കടുക് എന്നിവയിട്ട് വാട്ടുക. അതിലേക്ക് വറുത്ത മീന്‍ ഇടുക. അതിനുശേഷം മുളകുപൊടിയും വിനാഗിരിയും കൂട്ടിച്ചേര്‍ത്ത് വറുത്തമീനില്‍ ഒഴിക്കുക. നല്ലപോലെ തിളച്ചുകഴിഞ്ഞാല്‍ ഏലയ്ക്ക, ഗ്രാമ്പു, കറുവപ്പട്ട, കുരുമുളക് ഇവ പൊടിച്ച് ഇടുക.

വഴുതനങ്ങ അച്ചാര്‍

brinjal pickle recipe

വഴുതനങ്ങ നീളത്തില്‍ അരിഞ്ഞത്-അര കിലോ
എണ്ണ-ഒരു കപ്പ്
കുടക്-ഒരു ടീസ്പൂണ്‍
ഉലുവ-ഒരു ടീസ്പൂണ്‍
ജീരകം-ഒരു ടീസ്പൂണ്‍
മുളകുപൊടി-3 ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചതച്ചത്-ഒരു ഡിസേര്‍ട്ട് സ്പൂണ്‍
വെളുത്തുള്ളി ചതച്ചത്-ഒരു ഡിസേര്‍ട്ട് സ്പൂണ്‍
വിനാഗിരി-ഒരു കപ്പ്
വെള്ളം-ഒരു കപ്പ്
പഞ്ചസാര-ഒരു ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്

ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ ഉലുവയും കടുകും ജീരകവും ചേര്‍ത്ത് വറുക്കുക.ഇത് പൊടിച്ച് വയ്ക്കുക.ഈ ചീനച്ചട്ടിയിലേക്ക് എണ്ണ ചേര്‍ക്കുക.ചൂടായ എണ്ണയിലേക്ക് വഴുതനങ്ങ ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറത്തില്‍ വറുത്തെടുക്കുക.ബാക്കിയുള്ള എണ്ണയിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് മൂത്തമണം വരുമ്പോള്‍ മുളക് പൊടിയും പൊടിച്ചുവച്ച മസാലയും ചേര്‍ക്കണം.വിനാഗിരിയും വെള്ളവും കൂടി വേറൊരു പാത്രത്തില്‍ തിളപ്പിച്ച് ചൂടാറാന്‍ വയ്ക്കുക.വറുത്ത വഴുതനങ്ങ ചീനച്ചട്ടിയിലെ മസാലയിലേക്്ക് ചേര്‍ക്കുക.തീ കുറച്ച് വിനാഗിരിയും വെള്ളവും തിളപ്പിക്കുക.ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ചേര്‍ത്ത് വാങ്ങുക.ചൂടാറുമ്പോള്‍ വായുകടക്കാത്ത കുപ്പിയിലിട്ട് സൂക്ഷിക്കുക.

മാങ്ങാ അച്ചാര്‍

mango pickle-recipe

1 കി.ഗ്രാം മാങ്ങ കഷ്ണങ്ങളാക്കിയത്.
250 ഗ്രാം മുളക് പൊടി
250 ഗ്രാം കടുകെണ്ണ
20 ഗ്രാം എണ്ണയില്‍ വറുത്തെടുത്ത ഉലുവ
20 ഗ്രാം മഞ്ഞള്‍പ്പൊടി
300 ഗ്രാം ഉപ്പ്
500 എം.എല്‍ എണ്ണ

മസാലകളെല്ലാം തുല്യമായി ഉപ്പ് ചേര്‍ത്ത് എണ്ണയില്‍ ചേര്‍ക്കുക. പിന്നീട് മുറിച്ച് വെച്ച മാങ്ങാ കഷ്ണങ്ങള്‍ ഈ മസാല ചേര്‍ത്ത് പാത്രത്തിലാക്കി വെക്കുക. മസാല മാങ്ങയുടെ എല്ലാ ഭാഗങ്ങളിലും പിടിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇത് മൂന്ന് ദിവസം വായു കടക്കാത്ത നിലയില്‍ അടച്ച് വച്ച് സൂക്ഷിക്കുക. നാലാം ദിവസം എണ്ണ ചൂടാക്കി ഒഴിച്ച് നന്നായി മാങ്ങ ഇളക്കിയെടുത്ത് ഉപയോഗിക്കാം.

488